കോല്‍ക്കത്ത: ആം ജനത ഉന്നയൻ പാർട്ടി നേതാവ് ഹുമയൂൺ കബീറിന്റെ പേരിലുള്ള വിവാദ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പശ്ചിമബംഗാളിൽ രാഷ്ട്രീയ വിവാദം പുകയുന്നു. തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ ബിജെപിയുമായി ചേർന്നു പ്രവർത്തിക്കണമെന്ന് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കംകുറിച്ചതിന് പിന്നാലെ ഹുമയൂൺ കബീറുമായുള്ള ബന്ധം അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം വിച്ഛേദിച്ചു. എജെയുപി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഹുമയൂൺ കബീർ പറഞ്ഞു.
അതേസമയം, പുറത്തുവന്ന വീഡിയോയുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. തൃണമൂലിൽനിന്ന് പുറത്തുവന്ന ഒരു നേതാവുമായി തങ്ങൾക്ക് ബന്ധം കൂടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ, വീഡിയോ എഐ വഴി നിർമിച്ചതാണെന്ന് ഹുമയൂൺ കബീറും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഹുമയൂൺ കബീറിനെതിരേ ശക്തമായ ആരോപണങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. മുതിർന്ന ബിജെപി നേതാക്കളുമായി ഹുമയൂണിന് ബന്ധമുണ്ടെന്ന് തൃണമൂൽ ആരോപിക്കുന്നു.
മുർഷിദാബാദിൽനിന്നുള്ള തൃണമൂൽ നേതാവായ ഹുമയൂൺ കബീർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാർട്ടി വിട്ട് സ്വന്തം പാർട്ടി രൂപവത്കരിച്ചത്.